കേരള സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വകുപ്പാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്. 20.10.1968-ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 28/68/പി.ഡബ്ല്യൂ. പ്രകാരമാണ് ഈ വകുപ്പ് രൂപീകൃതമായത്.
 
കേരള സര്‍ക്കാരിനു വേണ്ടി മുഖ്യ വൈദ്യുതി ഇന്‍സ്‌പെക്ടറാണ് ഈ വകുപ്പിൻ്റെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്. വകുപ്പിൻ്റെ തിരുവനന്തപുരത്തുളള ആസ്ഥാന കാര്യാലയത്തില്‍ അഡീഷണല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അക്കൗണ്ട്സ് ഓഫീസര്‍, ലോ ഓഫീസര്‍ എന്നിവര്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനായി സഹായിക്കുന്നു.
 
ആസ്ഥാന കാര്യാലയത്തിന്‍ കീഴില്‍ എല്ലാ ജില്ലകളിലും ജില്ലാ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ മേധാവിയും മറ്റു ജില്ലാ ഓഫീസുകളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ മേധാവിയുമായി ഈ വകുപ്പ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.
 
വിവിധ പ്രവര്‍ത്തന രീതിയിലുളള ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മീറ്ററുകളുടെ കാലിബ്രേഷന്‍, ടെസ്റ്റിംഗ് എന്നിവ ചെയ്യുന്നതിനായി ഈ വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് കുളത്തൂരില്‍ ഒരു മീറ്റര്‍ ടെസ്റ്റിംഗ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ലബോറട്ടറി പ്രവര്‍ത്തിക്കുന്നു. ഈ ലാബിന് വോള്‍ട്ടേജ്, കറണ്ടിൻ്റെ പരാമീറ്ററുകള്‍ക്ക് എന്‍.എ.ബി.എല്‍ (നാഷണല്‍ അക്രിഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസ്) അക്രഡിറ്റേഷന്‍ നിലവിലുണ്ട് 
 
ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ പരിശോധിക്കുന്നതിനുളള സംവിധാനം തിരുവനന്തപുരത്തുളള പ്രധാന ലാബിലും ജില്ലാ ഓഫീസുകളില്‍ ബന്ധപ്പെട്ട റീജിയണല്‍ ലാബിലും സേവനം ലഭ്യമാണ്. തിരുവനന്തപുരത്തെ പ്രധാന ലാബില്‍ മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റും പ്രവര്‍ത്തിച്ചു വരുന്നു.
 
കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, സിനിമ ഓപ്പറേറ്റര്‍മാരുടെ പരീക്ഷാ ബോര്‍ഡ് എന്നിങ്ങനെ രണ്ട് ബോര്‍ഡുകള്‍ ഈ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.